. സൂചിത കഥകൾ .1 - " വിഷ്ണു തൻറെ ഹുങ്കാരം " -- സീതാസ്വയംവരം .മഹാവിഷ്ണുവിൻറെയും പരമശിവൻറെയും ബലം പരീക്ഷിക്കുന്നതിനുവേണ്ടി ഒരിയ്ക്കൽ ദേവന്മാർ അവരെ പിണക്കി .. രണ്ടുപേരും തമ്മിൽ യുദ്ധം ആരംഭിച്ചു .. വിശ്വകർമ്മാവ് രണ്ടുപേർക്കും ഓരോ വില്ല് നിർമ്മിച്ചു കൊടുത്തു -- വൈഷ്ണവ ചാപം ( ശാർങ്ഗം ) , ശൈവ ചാപം എന്നറിയപ്പെടുന്നു .. ശാർങ്ഗത്തിൻറെ ഞാണൊലിയിൽ ശൈവചാപത്തിൻറെ ശക്തി ക്ഷയിച്ചു .. ശിവൻ ആ വില്ല് വിദേഹരാജാവായ ദേവരാതനു നൽകി .. അത് സീരധ്വജൻ ( " ജനകൻ " എന്നത് മിഥിലാപുരി രാജാക്കന്മാരുടെ പൊതുപ്പേരാണ് ) സീതാസ്വയംവരത്തിനു പയോഗിച്ചു .. ആ വില്ലാണ് ശ്രീരാമൻ ഒടിച്ചത് .. . മഹാവിഷ്ണു തൻറെ വില്ല് ഋചീകനും , ഋചീകൻ പുത്രനായ ജമദഗ്നിക്കും , ജമദഗ്നി പരശുരാമനും നൽകി .. സീതാസ്വയംവരം കഴിഞ്ഞു മടങ്ങുന്ന ശ്രീരാമനെ പരശുരാമൻ ഏൽപ്പിക്കുന്നത് ആ വൈഷ്ണവചാപമാണ് ( പുരാണകഥാ നിഘണ്ഡുവിൽ നിന്ന് ) .2 - ദുന്ദുഭിയുടെ തല -- ബാലിവധം ( അവലംബം " കമ്പരാമായണം " ) ആയിരം ആനകളുടെ ശക്തിയും മഹിഷ( പോത്ത് )രൂപവുമായിരുന്ന ദുന്ദുഭി എന്ന അസുരൻ ഒരിയ്ക്കൽ കിഷ്കിന്ധയിൽ ചെന്ന് ബാലിയെ പോരിനു വിളിച്ചു .. അലറിയും , മുക്രയിട്ടും , കുളമ്പുകൾകൊണ്ടു ഭൂതലം മാന്തിക്കീറിമറിച്ചു.. ബാലി അച്ഛനായ ഇന്ദ്രൻ കൊടുത്തിരുന്ന പൊന്മാലയും ധരിച്ചു പാഞ്ഞടുത്തു .. യുദ്ധത്തിൽ ദുന്ദുഭിയെ കൊന്ന് തല ആകാശത്തിലേക്കെറിഞ്ഞു .. ആ തല പോയിവീണത് ഋശ്യമൂകാചലത്തിലുള്ള മതംഗാശ്രമത്തിലാണ് .. ദിവ്യദൃഷ്ടികൊണ്ടു കാര്യം ഗ്രഹിച്ച മതംഗമഹർഷി , " ബാലി ഈ പർവ്വതത്തിൽ വന്നാൽ അവൻറെ ശിരസ്സു പൊട്ടിത്തെറിക്കട്ടെ " എന്നു ശപിച്ചു .. അതുകൊണ്ടാണ് സുഗ്രീവൻ ബാലിയെ പേടിച്ച് ഋശ്യമൂകാചലത്തിൽ അഭയം തേടിയത് .. സുഗ്രീവൻറെ ആവശ്യപ്രകാരം ശ്രീരാമൻ ദുന്ദുഭിയുടെ തല പെരുവിരൽകൊണ്ടു നിസാരമായ് തോണ്ടിയെറിഞ്ഞു ……… .3 - സപ്തസാലങ്ങൾ -- ബാലിവധം .മണിഭദ്രൻ(മാണിഭദ്രൻ)എന്ന ചന്ദ്രവംശരാജാവിന് കവിക എന്ന ഭാര്യയിൽ നൂറു പുത്രന്മാരുണ്ടായി .. അവരിൽ ഏഴുപേർ മയനിൽനിന്നു മായാവിദ്യകൾ പഠിച്ചു .. അവർ ഒരിക്കൽ ഒരു മഹാസർപ്പത്തെ സൃഷ്ടിച്ചുവാഹനമാക്കി സഞ്ചരിച്ച് , എതിരെവന്ന അഗസ്ത്യമുനിക്ക് ഏഴു സാലമരങ്ങളായി നിന്നു മാർഗ്ഗതടസം സൃഷ്ടിച്ചു .. മുനി ദിവ്യദൃഷ്ടിയാൽ കാര്യം ഗ്രഹിച്ച് , " ഈ നിലയിൽത്തന്നെ നിൽക്കട്ടെ " എന്നു ശപിച്ചു .. പിന്നീട്, ശ്രീരാമനിൽനിന്നു മുക്തി സംഭവിക്കട്ടെ എന്നു ശാപമോക്ഷവും നൽകി .. ബാലി കൈക്കരുത്തു തീർത്തിരുന്നത് ഈ സാലവൃക്ഷങ്ങളെ താഡിച്ചായിരുന്നു .. ഇവയിൽ ഒന്നിനെ അമ്പെയ്തു മുറിക്കണമെന്നു സുഗ്രീവൻ അപേക്ഷിച്ചപ്പോൾ ശ്രീരാമൻ ഏഴുസാലവൃക്ഷങ്ങളെയും ഒരസ്ത്രം അയച്ചു മുറിച്ചിട്ടു……………………………………… ….4 - പാലാഴിമഥനം -- ബാലിവധം .ഒരിക്കൽ
ദുർവ്വാസാവു മഹർഷി ശ്രീമതി എന്ന വിദ്യാധരസ്ത്രീ സമർപ്പിച്ച ദിവ്യമായ പുഷ്പമാല്യം ദേവേന്ദ്രനു
നൽകി .. ഇന്ദ്രൻ അത് ഐരാവതത്തിൻറെ തലയിൽ വച്ചു .. സൌരഭ്യാധിക്യത്താൽ വണ്ടുകൾ കൂടുകയും
ഐരാവതം മാല താഴെയിട്ടു ചവിട്ടിയരയ്ക്കുകയും ചെയ്തു .. കുപിതനായ മഹർഷി " ഇന്ദ്രാദി
ദേവകൾക്ക് ജരാനര ബാധിക്കട്ടെ " എന്നു ശപിച്ചു .. ഒടുവിൽ , മഹാവിഷ്ണുവിൻറെ കൽപനപ്രകാരം
അമൃതു ലഭിക്കുന്നതിന് പാൽക്കടൽ കടയാൻ തീരുമാനിച്ചു .. പരമശിവൻ അസുരന്മാരെയും വരുത്തി
.. മന്ദരപർവ്വതത്തെ കടകോലാക്കി , വാസുകിയെ കയറാക്കി പാൽക്കടൽ കടഞ്ഞു .. ദേവന്മാർ വാലറ്റത്തും
അസുരന്മാർ തലയ്ക്കലും പിടിച്ചു .. ദേവാസുരന്മാർ
ക്ഷീണിച്ചപ്പോൾ ബാലി ഒറ്റയ്ക്ക് ക്ഷീരാബ്ധി കടഞ്ഞു .. സന്തുഷ്ടനായ ദേവേന്ദ്രൻ പുത്രനായ
ബാലിക്ക് ഒരു ദിവ്യമാല്യം -- കാഞ്ചനമാല -- നൽകി .. എതിരിടുന്നവരുടെ പകുതി ശക്തികൂടി
ബാലിക്കു ലഭിക്കുമെന്ന് വരവും നൽകി അനുഗ്രഹിച്ചു…………………………………………………………………………………………………………………………………………………………
………… .5
- മൈനാകം -- തോരണയുദ്ധം .കൃതയുഗത്തിലും ത്രേതായുഗത്തിൻറെ ആദ്യ കാലഘട്ടങ്ങളിലും പർവതങ്ങൾക്ക് ചിറകുകൾ ഉണ്ടായിരുന്നു . . പർവതങ്ങൾ പറന്നുനടന്ന്
ഭൂമിക്കു നാശനക്ഷ്ടങ്ങൾ സംഭവിച്ചുകൊണ്ടിരുന്നു .. ഭൂമീദേവിയുടെ ദു:ഖ നിവൃത്തിക്കായ്
ദേവേന്ദ്രൻ പർവതങ്ങളുടെയെല്ലാം ചിറകരിഞ്ഞു വീഴ്ത്തി .. എന്നാൽ വായുഭഗവാൻ തൻറെ മിത്രമായ
മൈനാകത്തെ പൊക്കിയെടുത്തു പറത്തി സമുദ്രത്തിൽ നിക്ഷേപിച്ചു .. അതിനാൽ മൈനാകത്തിനു ചിറകുകൾ
നക്ഷ്ടപ്പെട്ടില്ല : അവർ ആത്മസുഹൃത്തുക്കളായിത്തീർന്നു .. തൻറെ രക്ഷിതാവായ വായുദേവൻറെ
പുത്രനാണു ഹനുമാൻ .. ആ കൃതജ്ഞതകൊണ്ടാണ് , ലങ്കയിലേക്കു ചാടിയ ഹനുമാനെ വിശ്രമത്തിനും
സൽക്കാരത്തിനുമായി മൈനാകം ക്ഷണിച്ചത് ………………………………………………….6 - സുരസ -- തോരണയുദ്ധം .സീതാന്വേഷണാർത്ഥം ലങ്കയിലേക്കു ചാടിയ ഹനുമാന് ദേവകാര്യത്തിനു വേണ്ട ശക്തിയുണ്ടോ എന്നു പരീക്ഷിക്കുന്നതിനായി ദേവന്മാർ സുരസയെ വിളിച്ച് ഇങ്ങനെ പറഞ്ഞു ; " നീ മാമലപോലെ രാക്ഷസാകാരം പൂണ്ടു വേഗം ഹനുമാൻറെ മുമ്പിൽ വിഘ്നം സൃഷ്ടിക്കുക " .. ഇതുകേട്ടു സുരസ ഭയങ്കര രൂപിണിയായി ഹനുമാൻറെ മുമ്പിൽ വായും പിളർന്നു ചാടിവീണു .. പല സാന്ത്വനവാക്കുകൾ പറഞ്ഞിട്ടും സുരസ മാറിയില്ല .. ഹനുമാൻ മായാശക്തികൊണ്ടു വളർന്ന് 10 യോജന വലുതായി ( ഒരു യോജന ഏകദേശം 13 കിലോമീറ്റർ ) .. സുരസ 20 യോജന വായ് പിളർത്തി . ഉടനെ ഹനുമാൻ 30 , സുരസ 40 , വീണ്ടും ഹനുമാൻ 50 എന്നിങ്ങനെ വളർന്നു വളർന്ന് സുരസ 100 യോജന വായ് പിളർന്നപ്പോൾ ഹനുമാൻ പെട്ടെന്നു മെയ് ചുരുക്കി അംഗുഷ്ഠമാത്രനായ് സുരസയുടെ വായിൽക്കൂടി പ്രവേശിച്ച് ചെവിയിൽക്കൂടി പുറത്തുവരികയും ചെയ്തു .. സുരസ യഥാർത്ഥരൂപം പൂണ്ട് ഹനുമാനെ അനുഗ്രഹിച്ചു ദേവലോകത്തേക്കു യാത്രയായി 7 - സിംഹിക -- തോരണയുദ്ധം .ഹനുമാൻറെ ലങ്കായാത്രയിൽ " സിംഹിക " എന്ന രാക്ഷസി ( ഛായാഗ്രഹണി ) ഹനുമാൻറെ നിഴൽ പടിച്ചുനിർത്തി ഭക്ഷിക്കാനൊരുങ്ങുന്നു .. പാദത്തിൻറെ നിഴലിൽ പിടിച്ചതുകൊണ്ട് മുന്നോട്ടു നീങ്ങാൻ കഴിഞ്ഞില്ല .. ഉടനെ ഹനുമാൻ കാലുകൊണ്ടു ചവിട്ടിത്താഴ്ത്തി ഗമിക്കുന്നു .8 - ലങ്കാലക്ഷ്മി -- തോരണയുദ്ധം . സമുദ്രതരണം ചെയ്തു ലങ്കയിലെത്തിയ ഹനുമാൻ ഗോപുരമാർഗ്ഗേണ ലങ്കാപുരിയിൽ പ്രവേശിക്കാൻ ഭാവിച്ചപ്പോൾ ലങ്കാലക്ഷ്മി എന്ന രാക്ഷസി തടഞ്ഞുനിർത്തി -- " എൻറെ അനുവാദമില്ലാതെ ആർക്കുംതന്നെ പ്രവേശനമില്ല , അപ്പോഴാണോ വെറുമൊരു മർക്കടൻ " .. വാക്കുതർക്കത്തിനോടുവിൽ ഹനുമാൻറെ പ്രഹരമേറ്റ് ലങ്കാലക്ഷിക്കു ശാപമോചനം ലഭിച്ച് ലങ്കാശ്രീ ആയി .. ഹനുമാനെ തൊഴുതുകൊണ്ടു ലങ്കാശ്രീ : " ഞാൻ അഷ്ടലക്ഷിമാരിൽ വിജയലക്ഷിയാണ് .. ബ്രഹ്മാവിൻറെ ഭണ്ഡാരം സൂക്ഷിപ്പുകാരിയായിരുന്നു .. ഒരു ദിവസം ബ്രഹ്മാവിൻറെ അനുവാദമില്ലാതെ വാണീദേവിക്കു ഭണ്ഡാരം തുറന്നുകൊടുത്തു .. ബ്രഹ്മാവു കോപിച്ച് : രാവണൻറെ ഗോപുരം കാവൽക്കാരിയായീപ്പോകട്ടെ എന്നു ശപിച്ചു ..ഒടുവിൽ , ശ്രീരാമദൂതനായ ഹനുമാൻ ഒരു കാലത്തുവരുമെന്നും ഹനുമാൻറെ പ്രഹരമേൽക്കുമ്പോൾ ശാപമോക്ഷം ലഭിച്ച് സത്യലോകത്തിലേക്കു വരാമെന്നും അനുഗ്രഹിച്ചു “. ലങ്കാശ്രീ സത്യലോകത്തേക്കും ഹനുമാൻ ലങ്കയിലേക്കും കടന്നു ………………………………………………….9 - ലങ്ക -- തോരണയുദ്ധം .പണ്ടൊരിക്കൽ
സർപ്പരാജാവായ വാസുകിയും വായുഭഗവാനും തമ്മിൽ ഒരു തർക്കമുണ്ടായി .. താനാണു കേമനെന്ന്
വാസുകിയും : അല്ലാ , താനാണെന്നു വായുദേവനും .. വാസുകി വായു കേറാത്തവിധം മഹാമേരുപർവ്വതത്തിനെ
ചുറ്റിപ്പൊതിഞ്ഞു കിടന്നു .. വായു മഹാമേരുവിനെ ശക്തിയായ് അടിച്ചുപറത്താൻ ശ്രമിച്ചു
.. പൊടിപടലമിളകി ലോകം മുഴുവൻ അദൃശ്യമായി .. ദേവന്മാർ മഹാവിഷ്ണുവിനെ അഭയം പ്രാപിച്ചു
.. മഹാവിഷ്ണു വാസുകിയെ പറഞ്ഞു സാന്ത്വനപ്പെടുത്തി . വാസുകി ഒരു ചുറ്റഴിച്ചു .. ആ തക്കത്തിന്
വായു ഒരു ശിഖരം അടർത്തി തെക്കോട്ടടിച്ചു പറത്തി സമുദ്രത്തിലിട്ടു .. ആ ശിഖരമാണ് ത്രികൂടപർവ്വതം
.. അതിൻറെ കൊടുമുടിയിൽ വിശ്വകർമ്മാവ് ഒരു നഗരം പണികഴിപ്പിച്ച് അതിനു " ലങ്ക
" എന്നു പേരിട്ടു ..ത്രികൂടപർവ്വതം രത്നമയമായതിനാൽ അതു പൊടിഞ്ഞു വീഴുന്ന കനകരത്നങ്ങളുടെ
തരികളാണ് ലങ്കയിലെമണ്ണ്
. 10 - ജയദ്രഥൻ -- ..........................................അർജ്ജുനവിഷാദവൃത്തം
.സിന്ധു രാജാവായിരുന്ന ബ്ഋഹത്ക്കായൻ(വൃദ്ധക്ഷത്രൻ)റെ പുത്രൻ : വളരെനാൾ വ്രതം
അനുഷ്ഠിച്ചുണ്ടായ പുത്രൻ .. ജനനസമയത്ത് " സുപ്രസിദ്ധനായ രാജാവായിത്തീരും .. ഇവൻറെ
തല ഭൂമിയിൽ ആരു പതിപ്പിക്കുന്നുവോ അവൻറെ തല നൂറായ് പൊട്ടിത്തെറിക്കും " എന്ന്
അശരീരി ഉണ്ടായി .. ഇത് കേട്ട് അച്ഛനു വളരെ സന്തോഷമായി .. മകനെ രാജാവാക്കിയശേഷം സമന്തപഞ്ചകത്തിൽ
പോയി തപസ്സിരുന്നു .. ജയദ്രഥൻ കൌരവരുടെ സഹോദരി ദുശ്ശളയെ വിവാഹം ചെയ്തു ..ആദികാലംമുതലേ
പാണ്ഡവശത്രു .. ഭാരതയുദ്ധത്തിൽ ജയദ്രഥൻ അർജ്ജുനൻറെ പുത്രൻ അഭിമന്യുവിനെ വധിച്ചു ..
അടുത്ത സൂര്യാസ്തമയത്തിനു മുമ്പ് ജയദ്രഥനെ വധിക്കുമെന്ന് അർജ്ജുനൻ പ്രതിജ്ഞ ചെയ്തു
.. അസ്ഥമയത്തിനുമുമ്പ് ശ്രീകൃഷ്ണൻ ചക്രായുധം
കൊണ്ടു സൂര്യനെ മറച്ചു .. " മൂന്നേമുക്കാൽ നാഴികനേരം സുദർശനത്തിൻറെ പ്രകാശം ഒരുകാലത്ത്
നഷ്ടപ്പെടട്ടെ " എന്നുള്ള ദുർവാസാവിൻറെ
ശാപം ശ്രീകൃഷ്ണൻ ഇവിടെ പ്രയോജനപ്പെടുത്തുന്നു ..കൃഷ്ണൻറെ ഉപദേശപ്രകാരം അർജ്ജുനൻ
അമ്പെയ്തു ജയദ്രഥൻറെ തല അറുത്ത് , സമന്തപഞ്ചകത്തിൽ തർപ്പണം ചെയ്യുകയായിരുന്ന ബ്ഋഹത്ക്കായൻറെ
കൈകളിൽ പതിപ്പിച്ചു .. പെട്ടെന്നുണ്ടായ ഞെട്ടലിൽ തല കരങ്ങളിൽനിന്നു താഴെവീഴുകയും പിതാവിൻറെ തല പൊട്ടിത്തെറിക്കുകയും ചെയ്തു
.. ( അവലംബം പുരാണ കഥാനിഘണ്ടു ) 11 - സമന്തപഞ്ചകം .പരശുരാമൻ സൃഷ്ടിച്ചതാണ് ഈ തീർത്ഥം .. 21 വട്ടം ക്ഷത്രിയനിഗ്രഹം നടത്തിയുണ്ടായ രക്തം അഞ്ചു കയങ്ങളിൽ നിറച്ചു .. പിതൃദേവന്മാരുടെ അപേക്ഷപ്രകാരം അവ തീർത്ഥസ്നാനങ്ങളായി മാറി .. അതിൻറെ കരയിലാണ് കുരുക്ഷേത്രം .. ഇവിടെയാണ് ഭാരതയുദ്ധം നടന്നത് .12 - ശ്രീകൃഷ്ണൻ -- ഗുരുദക്ഷിണ .സാന്ദീപനി മഹർഷിയുടെ ആശ്രമത്തിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ രാമകൃഷ്ണന്മാർ ഗുരുദക്ഷിണ ചെയ്യേണ്ടതെന്തെന്ന് ഗുരുവിനോടു ചോദിച്ചു .. പണ്ടു പ്രഭാസതീർത്ഥത്തിൽ മുങ്ങിമരിച്ച തൻറെ പുത്രനെ കണ്ടുപിടിച്ച് എൽപ്പിക്കണമെന്നു ഗുരു ആവശ്യപ്പെട്ടു .. ഉടൻതന്നെ രാമകൃഷ്ണന്മാർ സമുദ്രതീരത്തു ചെന്ന് വരുണനെ വിവരമറിയിച്ചു .. സമുദ്രത്തിൽ പഞ്ചജനൻ എന്നു പേരുള്ള , ശംഖിൻറെ രൂപത്തിലുള്ള ഒരസുരൻ വസിക്കുന്നുണ്ടെന്നും , അവനാണ് ഗുരുപുത്രനെ വധിച്ചതെന്നും അറിയിച്ചു ..ഉടനെ ശ്രീകൃഷ്ണൻ സമുദ്രത്തിൽ മുങ്ങിച്ചെന്ന് പഞ്ചജനനെ വധിച്ചു ..പക്ഷെ ശംഖിൻറെ ഉള്ളിൽ കുട്ടിയെ കണ്ടില്ല . പാഞ്ചജന്യം എന്നപേരിൽ പിൽക്കാലത്തു പ്രസിദ്ധമായിത്തീർന്ന ആ ശംഖും ഊതിക്കൊണ്ടു രാമകൃഷ്ണന്മാർ കാലപുരിയിലെത്തി .. ശംഖുനാദം കേട്ടു കാലനിറങ്ങിവന്നു .. വിവരം ചോദിച്ചറിഞ്ഞ് കുട്ടിയെ തിരിച്ചുകൊടുത്തു .. അവർ കുട്ടിയെ ഗുരുവിൻറെ മുമ്പിൽ കാഴ്ചവച്ച് അനുഗ്രഹവും വാങ്ങി മഥുരാപുരിയിലേക്ക് പോയി .. .13 - ഹനുമാൻ -- അർജ്ജുനൻറെ കൊടിയടയാളം .അർജ്ജുനൻ സന്യാസിയായി രാമേശ്വരതീരത്തുകൂടി നടക്കുമ്പോൾ ഇപ്രകാരം ചിന്തിച്ചു : ശ്രീരാമൻ എന്തിനു കുരങ്ങന്മാരെ കൂട്ടുപിടിച്ചു ചിറകെട്ടി ? ഉടനെ ഹനുമാൻ കുരങ്ങനായി പ്രത്യക്ഷപ്പെട്ട് ഒരു ചിറകെട്ടാൻ അർജ്ജുനനോട് ആവശ്യപ്പെട്ടു .. അർജ്ജുനൻ അപ്രകാരം ചെയ്തു .. അത് കുരങ്ങൻ നിഷ്പ്രയാസം എടുത്തുകളഞ്ഞു .. അർജ്ജുനൻ വീണ്ടും കെട്ടി .. കുരങ്ങൻ വീണ്ടും എടുത്തു .. അപ്പോൾ അർജ്ജുനൻറെ അഹങ്കാരം കുറയുകയും അൽപം വിഷമത്തിലാകുകയും ചെയ്തു .. ഉടനെ ശ്രീകൃഷ്ണൻ ഒരു ബ്രാഹ്മണവേഷത്തിൽ പ്രത്യക്ഷപ്പെട്ടു : തൻറെ മധ്യസ്ഥതയിൽ വീണ്ടും ചിറകെട്ടാൻ പറഞ്ഞു .. ചിറകെട്ടി .. ഹനുമാൻ ഇളക്കിയിട്ട് ഇളക്കമില്ല .. അതുകൊണ്ട് മുന്നേപോലെ എടുത്തുമാറ്റാനും സാധിച്ചില്ല .. ഉടനെ ഹനുമാന് ബ്രാഹ്മണനെ സംശയമായി .. ശ്രീരാമനെ പ്രാർത്ഥിച്ചു . അപ്പോൾ ബ്രാഹ്മണൻ ശ്രീകൃഷണനായി , കുരങ്ങൻ ഹനുമാനുമായി .. ഹനുമാൻ അർജ്ജുനൻറെ കോടിയടയാളമായിരിക്കാമെന്ന് വാഗ്ദാനവും നൽകി ഇനി മറ്റൊരു കഥകൂടി ഉണ്ട് .ശ്രീരാമപട്ടാഭിഷേകം കഴിഞ്ഞ് , ഹനുമാൻ ; " ഭഗവാനെ എപ്പോഴും കാണാൻ ഇനി എനിക്കു സാധിക്കയില്ലല്ലോ " .. ഹനുമാൻറെ സങ്കടംകണ്ട് ശ്രീരാമൻ: " നീ ചിരഞ്ജീവിയാണ് .. അടുത്ത അവതാരകാലത്ത് ഞാൻ അർജ്ജുനന് ഉപദേശം നൽകുമ്പോൾ നിനക്ക് മുകളിലിരുന്ന് എന്നെ കാണാൻ സാധിക്കും .. ഇതാണ് അർജ്ജുനൻറെ കൊടിയടയാളമാകാനുള്ള കാരണം ( അവലമ്പം പുരാണകഥാനിഘണ്ടു )
No comments:
Post a Comment