Monday, 12 January 2015

-: മധുരിക്കും ഓർമ്മകൾ :-





-: മധുരിക്കും ഓർമ്മകൾ :- (യശ്ശരീരനായ കലാമണ്ഡലം കൃഷ്ണൻനായരാശാനുമായുള്ള ഒരു സൌഹൃദസംഭാഷണം )............................1990 ഏപ്രിൽ 21 ശനിയാഴ്ച ആലപ്പുഴ കഥകളിക്ലബ്ബിന്റെവാർഷികമായിരുന്നുവെന്ന് തോന്നുന്നു ..വാഴപ്പള്ളിയിൽനിന്നു ഞാനും സുഹൃത്തുക്കളായ ശ്രീ സി എൻ പുരുഷോത്തമൻപിള്ള , ശ്രീ സംഗീതാ നാരായണച്ചേട്ടൻ മുതലായവരും ചേർന്ന് , വൈകിട്ട് അഞ്ചഞ്ചരയോടെ ആലപ്പുഴ നരസിഹപുരം ലോഡ്ജിലെത്തി...അവിടത്തെ ഓഡിറ്റോറിയത്തിലാണ് കഥകളി ..പ്രശസ്ത കലാകാരന്മാരെല്ലാവരും ഉണ്ട് മിക്കവരുമായി കുശലം നടത്തി , കൃഷ്ണൻ നായരാശന്റെ മുറിയിലേക്കുകടന്നു...കോട്ടയം കളിയരങ്ങുസെക്രട്ടറി ശ്രീ പള്ളം ചന്ദ്രനും അവിടെ എത്തിയിരുന്നു ..എല്ലാവരുമായും ആശാൻ നർമ്മസംഭാഷണത്തിലേർപ്പെട്ടു...ഒടുവിൽ ഞാനുമായി പഴയകഥകൾ പങ്കുവെക്കുകയുണ്ടായി...ആ സൌഹൃദസംഭാഷണം ഏതാണ്ടതേപടിപകർത്താൻ ശ്രമിക്കാം ............ ...... ആശാൻ:- " അങ്ങുമായി സംസാരിച്ചിട്ട് ഏറെനാളായി , അരങ്ങിലിരിക്കുന്നതുകാണാറുണ്ട് "........................ഞാൻ:-"എനിക്കാഗ്രഹമില്ലാഞ്ഞിട്ടല്ല...ആശാന് ആദ്യത്തെ കഥയിലാവും വേഷം . കളിസ്ഥലത്തെത്തുമ്പോൾ ആശാൻ തേച്ചുതുടങ്ങിയിരിക്കും ..കളി കഴിഞ്ഞാലുടൻ മുഖം തുടച്ച് കാറിൽ യാത്രയാവും ..അപ്പോൾ അടുത്ത കഥയിൽ ഒരു പ്രശസ്തനടൻ രംഗത്തുണ്ടാവും..ആ സമയത്ത് അരങ്ങത്തുനിന്ന് എഴുന്നേറ്റുപോവുന്നത് ഒരു ഔചിത്യമില്ലായ്മയല്ലേ ? .................ആശാൻ:- " അതുശരിയാ . ഞാനും അതിഷ്ടപ്പെടാറില്ല , ആട്ടെ , അങ്ങയുടെ കാരണവർ ഉണ്ടോ ? ഏയ് , കാണാനിടയില്ല ,ഒണ്ടെങ്കിലൊരു 84-85 ഒക്കെയാവും "..............................ഞാൻ :- " 78 ൽ വിട്ടുപോയി ..അന്ന് 78 വയസ്സ് ..ക്രിസ്തുവർഷം കണക്കാണ്... ആശാൻ :- " ഞാൻ കുമരങ്കരി കഥകളിക്ക് ആദ്യമായി പോകയാണ് ..ചങ്ങനാശ്ശേരിയിൽ ബസ്സിറങ്ങി ; തെക്കും വടക്കുമൊക്കെ ഒന്നു നോക്കി ..അപ്പോൾ അങ്ങയുടെ കാരണവർ എന്നെ കണ്ട് അടുത്തുവന്ന്..... " കൃഷ്ണൻനായർ എങ്ങോട്ടാ "......"ഞാൻ കുമരങ്കരിയ്ക്കാ , വഴി നിശ്ചം പോരാ "..........കാരണവർ :- " എന്റെകൂടെ പോന്നോളൂ , ഞാൻ കൊണ്ടുപോകാം ........................ഞാൻ ഒന്നിച്ചുകൂടി..അരമുക്കാൽ മൈൽനടന്ന് ഒരുമനയിലെത്തി...അവിടത്തെ നമ്പൂരിമാർ കഥകളി പ്രിയരാ .................കാരണവർ :- " ഇനി കുളി ,ഭക്ഷണം , വിശ്രമം ഒക്കെയാവാം...ഞാൻ മOത്തിൽപോയിവരാം .........................ആ മനയുടെ പേര് ഇടമനഇല്ലം...മഹൻമൂപ്പീന്നിന്റെ വേളി വടക്കേമലബാറിലെ പ്രസിദ്ധമായ " വാരണക്കോട്ടില്ല "ത്തെയാണ്..ആശാൻ കളിക്കുകച്ചകെട്ടിയത് ആ ഇല്ലത്തെകളരിയിലാണ്...അതറിഞ്ഞപ്പോൾ എല്ലാവര്ക്കും വളരെ സന്തോഷമായി ..മുപ്പീന്നിന്റെ സഹോദരൻ പരേതനായ ശ്രീ നാരായണൻനമ്പൂതിരിയാണ് " മണ്ഡോദരിപരിണയം " ആട്ടക്കഥയുടെ കർത്താവ്...പ്രസിദ്ധനായിരുന്ന ശ്രീ വാരണാസി മാധവൻനമ്പൂതിരി വേളികഴിച്ചിരിക്കുന്നത് ഈ ഇല്ലത്തുനിന്നാണ് .........................വൈകിട്ട് ചായകുടികഴിഞ്ഞ് എല്ലാവരുംകൂടി പുറപ്പെട്ടു ..വാഴപ്പള്ളി ശ്രീ മഹാദേവക്ഷേത്രത്തിനു പടിഞ്ഞാറ് രണ്ടു മൈൽ വള്ളത്തിൽയാത്ര ചെയ്താൽ കുമരങ്കരിയിലെത്താം ..ഇല്ലത്തുനിന്നുപോകുന്നവഴിക്കാണ് എന്റെമO0 . പടിക്കൽവെച്ച് ഞാനും പിറകെകൂടി ..എനിക്ക് പത്തുപതിനൊന്നു വയസ്സുകാണും...താടി വേഷങ്ങൾ ഇഷ്ടമാണ്..അതുവരെ മണലിൽ കിടന്നുറങ്ങും ..വള്ളത്തിൽ അങ്ങോട്ടും ഇങ്ങോട്ടും ഒരുസുഖയാത്രയും....................ആശാൻ :- " ആ മാവ് ഇപ്പൊഴുമുണ്ടോ ? നല്ല മധുരമാണ് , അണ്ടിം തൊലീമേയുള്ളൂ "................ഞാൻ :- " ഇല്ല , പഞ്ചാരമാവ് എന്നായിരുന്നുപേര് "...........ആശാന്റെചോദ്യംകേട്ട് ഞാൻ അക്ഷരാർത്ഥത്തിൽ അത്ഭുതസ്തബ്ധനായിപ്പോയി .. അഹോ ! എന്തൊരോർമ്മ ! നാൽപതുനാൽപ്പത്തൊന്നു വർഷം മുന്പുളള അതിനിസ്സാരകാര്യം പോലും , നാലഞ്ചുദിവസംമുന്പെന്നപോലെ പറയുക ! ഒരു കാറ്റുവന്നാൽ ധാരാളം മാമ്പഴം പൊഴിയും ..മാഞ്ചുവട്ടിൽ ഒരു പത്തിരുപത്തഞ്ചു പിള്ളേർ കാണും ..അവരോടാശാൻ അഞ്ചെട്ടു മാമ്പഴം ചോദിച്ചു വാങ്ങും ..ഞാനും ഒരു പൊതി സമ്മാനിക്കും ........................ഇങ്ങനെ സംസാരിച്ചു സംസാരിച്ച്ഏഴുമണിയായി ..ആശാൻ അണിയറയിലേക്ക് പുറപ്പെടാനൊരുങ്ങി ..സ്നേഹിതരെല്ലാം പുറത്തേക്കിറങ്ങി ..അണിയറവരെ കൊണ്ടുവിടണോ എന്നു ഞാൻ ചോദിച്ചു ..വേണ്ടാ , ഇളയമകനെ ചൂണ്ടികാട്ടി , ഇവൻ കൂടെ ഉണ്ട് എന്നു പറഞ്ഞു ..ഞാൻ അത്യാദരപൂർവം വണങ്ങി യാത്രചോദിച്ചു ..അദ്ദേഹവും പ്രത്യഭിവാദനംചെയ്ത് മെല്ലെ നടന്നു നീങ്ങി ..ആ കൂടിക്കാഴ്ചയും , അദ്ദേഹത്തിന്റെ അപാരമായ ഓർമ്മശക്തിയും ഇപ്പോഴും എന്റെ ഓർമ്മകളിലോടിക്കളിച്ചു കൊണ്ടിരിക്കുന്നു

No comments:

Post a Comment