Monday, 12 January 2015

കലാമണ്ഡലം ഉണ്ണിക്കൃഷ്ണക്കുറുപ്പ് - ഒരനുസ്മരണം

കലാമണ്ഡലം ഉണ്ണിക്കൃഷ്ണക്കുറുപ്പ് - ഒരനുസ്മരണം - വെള്ളിനേഴി തെക്കേക്കര കുറുപ്പത്ത് 1931 മാർച്ചിൽ ജനിച്ചു ....അച്ഛൻ രാമക്കുറുപ്പ് സംഗീതത്തിലും നന്തുണിപ്പാട്ട് , കളംപാട്ട്  ഇവയിലും വിദഗ്ദ്ധനായിരുന്നു ....സംഗീതത്തിൻറെ ബാലപാഠങ്ങ അച്ഛൻ പഠിപ്പിച്ചു....സംഗീതവാസനയും  താളവും …….ഉണ്ണിക്കൃ ഷ്ണനുണ്ടായിരുന്നു ...കലാമണ്ഡലത്തിൽ  ചേരുന്നകാലത്ത്  അച്ഛനു  മാനസികരോഗം  തുടങ്ങിയിരുന്നു ....അതിനാൽ അദ്ദേഹത്തിൻറെ  ശിഷ്യനായിരുന്ന ചൊവ്വൂരുമന നീലകണ്ഠൻനമ്പൂതിരിപ്പാട് രക്ഷാകർത്താവായി...പിന്നീട് ശ്രീമാന്മാർ കലാ: രാമൻകുട്ടിനായരും   കലാ കൃഷ്ണൻകുട്ടിപ്പൊതുവാളും ചേർന്ന് രക്ഷാകർത്താക്കളായി....അവിടെ മൂന്നു വർഷം പഠിച്ച് പരിശീലനകാലം  പൂർത്തിയാക്കാതെ  പുറത്തുപോന്നു ......................................................................ഇരുപതുവയസ്സു കഴിഞ്ഞതോടെ , കുറുപ്പിൻറെ  കലാപരമായ വളർച്ചയുടെ ഒരു ഘട്ടം ആരംഭിച്ചു ....മഹാനായ വെങ്കിട കൃഷ്ണ ഭാഗവതരുടെയും  ഗുരുവായ നീലകണ്ഠൻ നമ്പീശൻറെയും കൂടെ ശങ്കിടിപാടി നല്ല അരങ്ങുപരിചയം കിട്ടി ....ഇടയ്ക്ക് പേരൂർ ഗാന്ധിസേവാസദനത്തിൽ അധ്യാപകനായത് കളരിച്ചിട്ടകൾ  ഉറയ്ക്കാൻ  സഹായകമായി  ....ആശാൻറെകൂടെ വർഷക്കാലത്ത്പഠിത്തവും വേനൽക്കാലത്ത് പാടിപ്പരിചയിക്കലും  ....അന്നത്തെ  കളിയരങ്ങുകളിൽ  ഗുരുവും  ശിഷ്യനും  ചേർന്ന് പ്രധാന പൊന്നാനി - ശങ്കിടിയായ് പ്രസിദ്ധി നേടി ....ശിങ്കിടി  പാടുമ്പോളനുഭവപ്പെടുന്ന ശബ്ദച്ചേർച്ച അന്യാദൃശം തന്നെ !....അപ്രകാരം പാടേണ്ടതു ശിങ്കിടിയുടെ ധർമ്മമാണെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു....ഇതേപ്പറ്റി ഒരിക്കൽ എന്റെ കാരണവർ ചോദിച്ചു :"ഇതെങ്ങനെ സാധിക്കുന്നു ? തനിച്ചു പാടുമ്പോൾ വേറിട്ട ശബ്ദമാണല്ലോ ?"...മറുപടി:" ശങ്കിടി പാടുക എന്നല്ലേ പറയുക ....ശബ്ദം കൊണ്ടും യോജിപ്പിക്കുന്നു , അത്രേള്ളൂ"  ………………………അഹമ്മദ്ബാദിലുള്ള  " ദർപ്പണ "യിലെ സേവനകാലം ഒരു നൂതനസരണി തുറക്കാൻ സഹായകമായി ....കർണാടക ഹിന്ദുസ്ഥാനി സംഗീതങ്ങൾ കലർത്തി കഥകളിപ്പദങ്ങൾക്ക് കൂടുതൽ ഭാവവും ഓജസ്സും നൽകാൻ സാധിച്ചു ....  ശ്രുതിശുദ്ധമായ ആലാപനം , താരസ്ഥായിയിലും തുടച്ചയായി സ്വരശുദ്ധിയോടെ പാടാനുള്ള കഴിവ് , കടുകട്ടിയായ താളസ്ഥിതിഅക്ഷരസ്പുടത തുടങ്ങിയ ഗുണഗണങ്ങൾ അദ്ദേഹത്തിൻറെ പാട്ടിൽ നിറഞ്ഞു കവിഞ്ഞിരുന്നു ....പ്രശസ്ത സംഗീതജ്ഞനായിരുന്ന  L  P  R വർമ്മയുടെ വാക്കുകൾ--"ഒറ്റ ഏറിനു മാങ്ങയുടെ ഞെട്ടിൽത്തന്നെ കൊള്ളും"....ഒരു സന്താനഗോപാലം കഴിഞ്ഞ് , പരേതനായ പ്രൊഫ: രാമചന്ദ്രൻനായർസാർ അഭിപ്രായപ്പെ.ട്ടു :"ഉണ്ണികൃഷ്ണക്കുറുപ്പ് പാടുകയാണെങ്കിൽ നമുക്കും അഭിനിയിക്കാൻ സാധിക്കും"....മറ്റൊരവസരത്തിൽ പൊന്നാനി പാടുന്ന രണ്ടുമൂന്നു പേരുണ്ടായിട്ടും ഒരു രാത്രിമുഴുവൻ - എട്ടൊമ്പതു മണിക്കൂർ - തെളിഞ്ഞ കണ്ഠത്തോടെ പാടുകയു  ണ്ടായി ...." രണ്ടു കഥകൾ പാടുമായിരിക്കും അല്ലേ ?"എന്ന് എന്റെ കാരണവർ ചോദിച്ചു ....എല്ലാ കഥകളും പാടും എന്നായിരുന്നു മറുപടി ......................................................................................................  ഞങ്ങൾ തമ്മിലുള്ള സൌഹൃദം വളര്ന്നു വളർന്ന്, അദ്ദേഹം ഞങ്ങളുടെ ഒരു കുടുബാംഗമായി മാറി ....എന്റെ സഹോദരനെ പേരെടുത്തു വിളിക്കുമ്പോൾ ഒരു ജ്യേഷ്ഠൻറെ വാത്സല്യം അതിൽ നിറഞ്ഞി.രുന്നു....അതുപോലെ എന്റെ കാരണവർമാർ " ഭാഗവതരേ "എന്നേ വിളിക്കാറുള്ളൂ…………………………………………………………  .രണ്ടു മൂന്നു വർഷം ശാന്തിനികേതനത്തിലും  ,  തിരിച്ചുവന്ന് മൂന്നുനാലു കൊല്ലം കോട്ടയ്ക്കലും  ,  പിന്നീട് കലാമണ്ഡലത്തിലും സേവനം ചെയ്തു ....ആ ഗാനശൈലി അനന്യമായിരുന്നു ....1987 ഒക്ടോബറിൽ രോഗബാധിതനായി ....കോട്ടയം മെഡിക്കൽകോളേജ്   ,  കോട്ടയ്ക്കൽ ആര്യവൈദ്യശാല എന്നീ സ്ഥാപനങ്ങളിൽ ചികിത്സ നടത്തിയെങ്കിലും ഒടുവിൽരോഗം മൂർച്ഛിച്ച്  1988 മാർച്ച് നാലാം തീയതി ആ ഗന്ധർവഗായകൻ നമ്മെ വിട്ട് വിഹായസ്സിൽ ലയിച്ചു ....ദിവംഗതനായ കലാ: കൃഷ്ണൻകുട്ടിപ്പൊതുവാൾ ഇപ്രകാരം എഴുതി: " കുറുപ്പ് ഉയർന്നുയർന്നു പാടി ; പാടിപ്പാടി ഉയർന്നു ; ആ ഉയർന്ന നിലയിൽ ഉയിർ വെടിഞ്ഞു .

  

No comments:

Post a Comment