Tuesday, 20 January 2015

...കഥകളി:-.....ഉത്ഭവം....വളർച്ച.....


                                          -:      ........................................കഥകളി:-.....ഉത്ഭവം....വളർച്ച.......................................................ആര്യന്മാരുടെ വരവിനു മുമ്പുതന്നെ  കേരളത്തിൽ പ്രാദേശികമായി  അനേകം  നാടൻ കലകൾ നിലനിന്നിരുന്നു ...പലതരം ആചാര വിശ്വാസങ്ങളുമായും അനുഷ്ഠാന കലകളുമായും ബന്ധിച്ചുള്ളവ ഇന്നും കാണാം ...നമ്മുടെ പ്രകൃതി ദൃശ്യങ്ങളിൽത്തന്നെ നിറങ്ങളുടെ ഒരു സംയോജനമുണ്ട് ...പാട്ടും ,  തുള്ളലും ,  താളവും മേളവും , ഈണങ്ങളും  , വരകുറികളുമെല്ലാം കേരളീയരുടെ ജീവിതത്തിൻറെ ഭാഗം തന്നെ ...കൂടാതെ ആയോധനാഭ്യാസക്കളരികളും മറ്റും ....................................ആര്യന്മാരുടെ വരവോടെ സംസ്കൃത നാടകങ്ങൾ പ്രചരിച്ചു തുടങ്ങി ...ആ നാടകങ്ങളുടെ പരിഷ്കൃത രൂപമാണ് " കൂടിയാട്ടം "...പക്ഷെ അത് സംസ്കൃതഭാഷ അറിയാവുന്ന നമ്പൂതിരിമാരിലും നാടുവാഴികളിലും മാത്രമായൊതുങ്ങി...കോഴിക്കോട്ടു സാമൂതിരി ഭാഗവതം എട്ടു ദിവസത്തെ കഥകളാക്കി " കൃഷ്ണനാട്ട " ത്തിനു രൂപം കൊടുത്ത് ഗുരുവായൂർ ക്ഷേത്രത്തിലേർപ്പെടുത്തി...................... .......-: രാമനാട്ടം :-.......എഴുത്തച്ഛൻറെ രാമായണം സാധാരണക്കാരുടെ പാരായണ ഗ്രന്ഥമായി മാറിയിരുന്ന കാലത്താണ്    കൊട്ടാരക്കരത്തമ്പുരാൻ രാമായണം എട്ടു ദിവസത്തെ കഥകളാക്കി " രാമനാട്ടം " എന്ന ദൃശ്യകല സൃഷ്ടിച്ചത്...ഇത് ഏതാണ്ട് കൊല്ലവർഷം 775 നു  800 നു-( AD 1600 -1625 ) മിടയ്ക്കാണ്  ...സംസ്കൃതഞാനമില്ലാതവർക്കും  രാമനാട്ടം ആസ്വദിക്കാനാവുമെന്നതാണ്‌ ഈ കലയുടെ പ്രത്യേകത ............-: വെട്ടത്തു രീതി :- …..രാമനാട്ടം മലബാറിൽ വെട്ടത്തുനാട്ടിൽ കൊല്ലവർഷം 800-850 -(AD1625-1675)- കാലത്തു പ്രചരിച്ചു തുടങ്ങി ...വെട്ടത്തു രാജാവ് ഇതിൽ പല  പരിഷ്കാരങ്ങളും  വരുത്തി  ...കൂടിയാട്ടത്തെ അവലംബിച്ചു വേഷങ്ങളും ആടയാഭരണങ്ങളും തേപ്പും  പരിഷ്ക്കരിച്ചു  ...തെക്കൻ കർണാടകയിലെ " യക്ഷഗാനവും " തമ്പുരാനിൽ സ്വാധീനം ചെലുത്തീട്ടുണ്ട് ...ഈ പരിഷ്ക്കരിച്ച രാമനാട്ടം കൊച്ചി രാജ്യത്തും തിരുവിതാംകൂറിലും പ്രചരിച്ചു ...കുറിച്ചിയിലാണ് പൊന്നാനി - ശങ്കിടി  രീതി രൂപം കൊണ്ടത്‌ … വെട്ടത്തു സമ്പ്രദായത്തിലെ  ആദ്യകാല ആശാന്മാരായിരുന്നു വെട്ടത്തു ശങ്കരൻ നായരും കോമു മേനോനും ...ശങ്കരൻ നായരുടെ പ്രധാന വേഷം " ഹനുമാൻ "; ശിഷ്യൻ ബാലി ഓതിക്കൻറേതു " ബാലി " യും ...ആദ്യകാലങ്ങളിൽ ഹനുമാനും ബാലിയുമായിരുന്നു പ്രധാന വേഷങ്ങൾ ..............................-കല്ലടിക്കോടൻ സമ്പ്രദായം :-........വെട്ടത്തു രാജാവു പരിഷ്കരിച്ച രാമനാട്ടം " കഥകളി " യായ് മാറ്റിയത് കോട്ടയത്തു തമ്പുരാനാണ് , കൊല്ലവർഷം 820 - 880  ( AD 1645 - 1705 ) ൽ.... തമ്പുരാൻ മഹാഭാരത കഥകളാണ് സ്വീകരിച്ചത് ....ബകവധം  ,  കല്യാണസൌഗന്ധികം  , കിർമീരവധം , കാലകേയവധം എന്നീ  നാലു കഥകൾ 1675 - 80 ൽ രചിച്ചു ...സാഹിത്യപ്രൌഢി , ഭാവഗാംഭീര്യം  , സംഗീതം ഇവ , അഷ്ടപദിയോടെയുള്ള  മേളപ്പദം  , നായികാനായകന്മാരുടെ രംഗപ്രവേശം മുതലായവയാണ് രാമനാട്ടത്തെ അപേക്ഷിച്ചുള്ള പ്രത്യേകതകൾ ...നാട്യാംശത്തിനും നൃത്തത്തിനും പ്രാധാന്യമേറി ..." മാതംഗാനന " ശ്ലോകവും ജയദേവ കവിയുടെ ഗീതാഗോവിന്ദത്തിലെ " മഞ്ജുതര " യും തമ്പുരാൻറെ വകയാണ് ...പെരുമ്പടപ്പ്‌ (കൊച്ചി) രാജാവിൻറെ , രാമനാട്ടത്തിൽ ആശാനായിരുന്ന വെള്ളാട്ടു ചാത്തുപ്പണിക്കെരെ വരുത്തി ആവിഷ്കരിച്ച രീതിയാണ് പിൽക്കാലത്ത് " കല്ലടിക്കോടൻ സമ്പ്രദായം " എന്നറിയപ്പെട്ടുതുടങ്ങിയത് ...ആ പേരുണ്ടാവാൻ കാരണം ചാത്തുണ്ണിപ്പണിക്കരാശാൻ കല്ലടിക്കോടംശത്തിൽപ്പെട്ട പുലാപ്പറ്റയിൽ കളരി സ്ഥാപിച്ച് അഭ്യസിപ്പിച്ചിരുന്നതിനാലാണ് ...തമ്പുരാൻറെ പരിഷ്കാരങ്ങൾ വേറെയുമുണ്ട് ...തോടയത്തിൻറെ ചരണങ്ങൾ കൂടിയാട്ടത്തിലെപ്പോലെ നാലു താളത്തിലാക്കി  , തേച്ച വേഷങ്ങൾക്ക് ചുട്ടി ഏർപ്പെടുത്തി , കിരീടത്തിനു വ്യാസം ക്രമീകരിച്ചു  , കുറ്റിച്ചാമാരത്തിന് വ്യാസം കൂട്ടി ................................കല്ലടിക്കോടൻ സമ്പ്രദായം പാലക്കാട് പുലാപ്പറ്റയിൽനിന്ന് കുത്തനൂരംശത്തിലേക്കു മാറാൻ കാരണം ചെറിയ ഇട്ടീരിപ്പണിക്കരും മരുമക്കളായ  ഗോവിന്ദപ്പണിക്കർ   , ദശമുഖൻ  ശങ്കുപ്പണിക്കർ എന്നിവരുമാണ്.....തോലനൂർക്കു മാറാൻ കാരണം ഈച്ചരമേനോൻ  ,  അമ്പാട്ടു ശങ്കരമേനോൻ തുടങ്ങിയവരും ....താമസിയാതെ , ഈ സമ്പ്രദായവും കോട്ടയം കഥകളും  വെട്ടത്ത് ,  പെരുമ്പടപ്പ്‌ ,  തിരുവിതാംകൂറിൽ ചേർത്തല ,  അമ്പലപ്പുഴ , കുറിച്ചി തുടങ്ങിയ സ്ഥലങ്ങളിലും പ്രചരിച്ചു……………………………….............-:കപ്ലിങ്ങാട്ടു സമ്പ്രദായം:-.....കോട്ടയത്തു തമ്പുരാനു ശേഷം കഥകളിയിൽ കാതലായ പരിഷ്കാരങ്ങൾ കൊണ്ടുവന്നത് കപ്ലിങ്ങാട്ടു നാരായണൻ നമ്പൂതിരിയാണ് ...അദ്ദേഹത്തിൻറെ ജീവിതകാലം കൊല്ലവർഷം 914 - 964 ( എ ഡി 1739-1789)...ഭാരതപ്പുഴയുടെ തീരത്ത് , കൊച്ചി ശീമയിൽപ്പെട്ട നെടുമ്പുര ഗ്രാമത്തിൽ ജനിച്ചു ...കലാവാസന നിറഞ്ഞ ഉണ്ണിക്ക്  ബാല്യകാല ത്തിൽത്തന്നെ കഥകളിയിൽ ഭ്രമം തോന്നിയിരുന്നു ...തൃപ്പൂണിത്തുറയിൽ നിന്നു ചാത്തുപ്പണിക്കരുടെ മരുമകനും ശിഷ്യനുമായ നാണുമേനോനെ ( " മേനോൻ "സ്ഥാനം ലഭിച്ചതാണ് ) വരുത്തി അഞ്ചുകുട്ടികളെ കച്ച കെട്ടിച്ചു ...സ്വന്തം ആശയങ്ങൾ നടപ്പാക്കാനായ് വലിയ ഇട്ടീരിപ്പണിക്കർ ആദ്യവസാനമായി ഒരു കളിയോഗവും സ്ഥാപിച്ചു ...നമ്പൂതിരിയുടെ വലങ്കൈ ആയിരുന്ന കാവുങ്ങൽ ഉണ്ണീരിപ്പണിക്കരായിരുന്നു ചെണ്ട ...സംഗീതത്തിലും അഭ്യസനത്തിലും നല്ല അറിവുണ്ടായിരുന്ന പണിക്കർ താളമേളങ്ങളിൽ പല പരിഷ്കാരങ്ങളും ഏർപ്പെടുത്തി ...കാവുങ്ങൽ തറവാട്ടിലെ കഥകളി പാരമ്പര്യം തുടങ്ങി വച്ചതും അദ്ദേഹമാണ് ...വടക്കാഞ്ചേരിക്കടുത്ത് തിച്ചൂരാണ് കാവുങ്ങൽ തറവാട് ..................................കപ്ലിങ്ങാടിൻറെ പരിഷ്കാരങ്ങളെ മൂന്നു ഘട്ടങ്ങളായ് തിരിക്കാം : ...ഒന്നാം ഘട്ടം – സ്വദേശത്തുവച്ചു്…. ആഹാര്യാംശത്തിൽ നടപ്പാക്കിയവ - ചുട്ടിയുടെ രചന , ചുട്ടിപ്പൂവ് , മഹർഷിമുടി , മഹർഷിമാർക്കു വെള്ളമനയോല ( നീലം ചേർക്കാത്തത് ) തുടങ്ങിയവ ...-(കടലാസ്ചുട്ടി 1929 ൽ തിരുവല്ലായിൽ  ചിത്രകാരൻകൂടിയായ രാമകൃഷ്ണ പ്പണിക്കരാണ് തുടങ്ങിയത്-) ...മുദ്രകൾ മുട്ടുകൾ വിടർത്തി തോളിൻറെ വിതാനത്തിലെന്ന് നിശ്ചയിച്ചു ..." കത്തി " വേഷപ്രധാനമായ കഥകൾ രചിക്കപ്പെട്ടതും പ്രചരിച്ചതും ഇക്കാലത്താണ് - നരകാസുരവധം , ബാലിവിജയം , ഉത്തരാസ്വയംവരം മുതലായവ .......................................കഥകളിക്കു വഞ്ചി രാജവംശത്തിൻറെ പരിലാലനങ്ങൾ ലഭിച്ചു തുടങ്ങിയത് കാർത്തിക തിരുനാൾ ധർമ്മരാജാവിൻറെ കാലം മുതലാണ്‌ ...തിരുവനന്തപുരത്തു വച്ചു് 955  ( എ ഡി 1780) നോടടുത്ത് , കാർത്തിക തിരുനാൾ കഥകളായ " നരകാസുരവധം , രാജസൂയം ",  അശ്വതി തിരുനാളിൻറെ " പൂതനാമോക്ഷം " ഇവയ്ക്ക്‌ ആട്ടക്രമങ്ങളും , "നിണ" ത്തിനു പകർന്നാട്ടവും ഏർപ്പെടുത്തിയതു കപ്ലിങ്ങാടാണ്...ഇതാണ് രണ്ടാം ഘട്ടം ...കല്യാണസൌഗന്ധികത്തിൽ , ധ്യാനത്തിലിരിക്കുന്ന ഹനുമാൻറെ രംഗപ്രവേശം വലിയ ഇട്ടീരിപ്പണിക്കരും കപ്ലിങ്ങാടും കൂടി തുടങ്ങിവച്ചത് കാർത്തിക തിരുനാളിനെ സന്തുഷ്ടനാക്കി ……….മൂന്നാം ഘട്ടം തൃപ്പൂണിത്തുറ വച്ച് കൊച്ചി വീരകേരള വർമ്മത്തമ്പുരാൻറെ കാലത്തും ...ഉത്ഭവത്തിൽ രാവണൻറെ " തപസ്സാട്ടം ", തോരണയുദ്ധത്തിൽ " അഴകുരാവണൻ " , ബാലിവിജയത്തിൽ " കൈലാസോദ്ധാരണം , പാർവ്വതീവിരഹം " എന്നിവ ഏർപ്പെടുത്തി...മഞ്ജുതര " മോഹനം , കല്യാണി , സാവേരി , മദ്ധ്യമാവതി രാഗങ്ങളിൽ രാഗമാലികയാക്കി...കഥകളിയിൽ സാത്വികാഭിനയത്തിനു പ്രാധാന്യം നൽകി ചെണ്ടമദ്ദളങ്ങൾ കലാശങ്ങൾക്കു മാത്രമല്ലാ മുദ്രയ്ക്കും നാട്യത്തിനും കൂടണമെന്നും നിശ്ചയിച്ചു ...................................... .................കപ്ലിങ്ങാടൻ സമ്പ്രദായം തൃപ്പൂണിത്തുറയിലും കാവുങ്ങൽ തറവാട്ടിലും പ്രചരിച്ചു ...ഉണ്ണീരിപ്പണിക്കർ തുടങ്ങി വച്ചെങ്കിലും രാമുണ്ണിപ്പണിക്കർ കച്ചകെട്ടിയതു മുതൽക്കാണ് നടന്മാരുടെ പാരമ്പര്യം ആരംഭിക്കുന്നത് ...എല്ലാ വേഷങ്ങളും കെട്ടുക അവരുടെ പ്രത്യേകതയാണ് ...സംഗീതത്തിൽ മൂത്തേടത്ത് ഇട്ടിരവിനമ്പൂതിരിയും ഈ ശൈലി സ്വീകരിച്ചു ...ഷൊർണൂരിനടുത്ത് ചുടുവാലത്തൂരാണ് മൂത്തേടത്തു മന ...തിരുവിതാംകൂറിൽ തകഴി വേലുപ്പിള്ള , കലവൂർ നാരായണമേനോൻറെ പുത്രനും ശിഷ്യനുമായിരുന്ന ചമ്പക്കുളം ശങ്കുപ്പിള്ള എന്നീ ആശാന്മാർ വഴി തകഴി , നെടുമുടി , ചമ്പക്കുളം മുതലായ സ്ഥലങ്ങൾ കപ്ലിങ്ങാടൻ ശൈലിയുടെ കേന്ദ്രങ്ങളായിത്തീർന്നു....തിരുവിതാംകൂറിൽ ഇന്നും ഈ രീതി നിലനിന്നുവരുന്നു ...എന്നാൽ , തിരുവല്ലായിൽ വെട്ടം രീതികൂടി ചേർന്ന കപ്ലിങ്ങാടൻ സമ്പ്രദായം കൊല്ല വർഷം 980 - 1000 ( എ ഡി 1805-1825 ) കാലത്ത് വേണാട്ടു നീലകണ്‌ഠപ്പണിക്കരാശൻ  പ്രചരിപ്പിച്ചിരുന്നു ..................................................-: കല്ലുവഴിച്ചിട്ട :-..... കല്ലടിക്കോടൻ സമ്പ്രദായക്കാരുടെ ആംഗികാഭിനയത്തിൻറെ വൈശിഷ്ട്യവും കപ്ലിങ്ങാടൻ സമ്പ്രദായത്തിൻറെ രംഗപ്രയോഗങ്ങളും ചേർന്നുണ്ടായ ഒരു പുതിയ രീതിയാണിത് ...പാലക്കാട് ജില്ലയിലെ ഒളപ്പമണ്ണമന ചിത്രഭാനു (ചെറിയഫൻ )നമ്പൂതിരിപ്പാടും ,  കരുമനശ്ശേരി കൃഷ്ണൻകുട്ടി ഭാഗവതരും , കുത്തനൂർ " ദശമുഖൻ " ശങ്കുപ്പണിക്കരും കൂടിയാണ് കൊല്ല വർഷം 1025 ( എ ഡി 1875) നോടടുത്ത് ഈ ശൈലിക്കു രൂപം നൽകിയത്....കല്ലടിക്കൊടനിലെ മെയ്യിൻറെ നാലു ഗുണങ്ങളായ അയവ്  , ഉലവ് ,  ബലം  , മുറുക്കം എന്നിവയ്ക്കു പുറമെ അഞ്ചാമതായി  " ഒതുക്കം " കൂടി ഉൾപ്പെടുത്തി ...ഈ അഞ്ചു തരം ചുഴിപ്പുകൾ ശീലിച്ച് മാറിൽ ഒതുക്കിവേണം മുദ്ര പിടിക്കേണ്ടത്‌ ...മുദ്രകൾ പദത്തോടും താളത്തോടും ഇണക്കിച്ചേർത്തു കാണിക്കുന്നതിന് ആസ്വാദ്യത കൂടും ...എന്നാൽ കല്ലടിക്കോടനിലെ ചൊല്ലിയാട്ടത്തിൽ അംഗവിക്ഷേപങ്ങളുടെ വിസ്താരം കൂടുതലാണ് ……………………...........................കല്ലുവഴിച്ചിട്ടയുടെ ആദ്യഗുരു കുത്തനൂർ " ദശമുഖൻ " ശങ്കുപ്പണിക്കരുടെ ശിഷ്യന്മാർ കല്ലുവഴിക്കാരായ ഉണ്ണീരിമേനോനും  ഇട്ടിരാരിച്ചമേനോനും ആയിരുന്നു ...അതിനാൽ അവർ അനേകം ശിഷ്യ പ്രശിഷ്യന്മാർ വഴി പ്രചരിപ്പിച്ച ഈ പുതിയ രീതിക്ക്‌ " കല്ലുവഴിച്ചിട്ട " എന്ന് പേരുണ്ടായി ...കല്ലടിക്കോടൻ എന്ന പേരുവന്നതും ഇപ്രകാരമാണല്ലൊ....ഇട്ടിരാരിച്ച മേനോനുശേഷം ശിഷ്യനായ പട്ടിയ്ക്കാന്തൊടി രാവുണ്ണിമേനോൻ  പ്രധാന ആശാനായി ...,കൊടുങ്ങല്ലൂർ കോവിലകത്തുനിന്നും നാട്ട്യശാസ്ത്ര സംബന്ധമായ പലവിഷയങ്ങളും പഠിച്ച് കൂടുതൽ പരിഷ്കരിച്ചു ...അഭ്യസനക്രമങ്ങളിൽ ചില മാറ്റങ്ങൾ വരുത്തി ...രാവുണ്ണി മേനോൻറെ പ്രധാന ശിഷ്യരായിരുന്നു  തേക്കിങ്കാട്ടിൽ രാവുണ്ണിനായർ ,  കാവുങ്ങൽ ശങ്കരൻകുട്ടിപ്പണിക്കർ  , വാഴേങ്കട കുഞ്ചുനായർ  ,  കലാ: കൃഷ്ണൻനായർ  , കീഴ്പടം കുമാരൻനായർ  , കലാ: രാമൻകുട്ടിനായർ , മകൻ കലാ: പത്മനാഭൻനായർ തുടങ്ങിയവർ....ഇന്ന് കല്ലുവഴി സമ്പ്രദായം കേരളത്തിനകത്തും പുറത്തും പടർന്നു പന്തലിച്ചിരിക്കുന്നു ...കലാമണ്ഡലം , കോട്ടയ്ക്കൽ  , സദനം , കലാനിലയം മുതലായ സ്ഥാപനങ്ങളിലെല്ലാം ഈ രീതിയിലാണ് അഭ്യസനം ...എന്നാൽ കലാമണ്ഡലത്തിലെ തെക്കൻ കളരിയിലും  , ചാത്തന്നൂരിനടുത്ത് " കലഭാരതി " യിലും കപ്ലിങ്ങാടൻ രീതി പഠിപ്പിച്ചു വരുന്നു ...തിരുവിതാംകൂറിൽ ഗുരു   ചെങ്ങന്നൂർ രാമൻ പിള്ള  ആശാൻറെ ശിഷ്യരും പ്രശിഷ്യരും  കപ്ലിങ്ങാടൻ സമ്പ്രദായം തുടർന്നു വരുന്നു .....
  

5 comments: